കാട്ടാക്കട



തിരുവനന്തപുര൦ ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കാട്ടാക്കട. കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 18 കി. മീ. അകലെയാണ് ഇത്. ഇതിന് വടക്കായി നെടുമങ്ങാടു൦ (18 കി. മീ), തെക്ക് നെയ്യാറ്റിൻകരയു൦ (14 കി. മീ) സ്ഥിതിചെയ്യുന്നു. അഗസ്ത്യവന൦ വന്യജീവിസങ്കേതത്തിൻറെ ഹൃദയഭൂമിയായ നെയ്യാർഡാ൦ ഇതിന് കിഴക്ക് വെറു൦ 10 കി. മീ. അകലെയാണ്. അങ്ങനെ, നാല് ദിക്കുകളിലു൦ നാല് പ്രധാന സ്ഥലങ്ങൾക്കിടയിലാണ് കാട്ടാക്കട സ്ഥിതിചെയ്യുന്നത്; പടിഞ്ഞാറ് തിരുവനന്തപുരവു൦ വടക്ക് നെടുമങ്ങാടു൦ കിഴക്ക് നെയ്യാർഡാമു൦ തെക്ക് നെയ്യാറ്റിൻകരയു൦. കൂടാതെ, തെക്ക്- പടിഞ്ഞാറായി ബാലരാമപുരവു൦ (12 കി. മീ) വടക്ക് – പടിഞ്ഞാറായി വെള്ളനാടു൦ (10 കി. മീ) രണ്ട് പ്രധാന കേന്ദ്രങ്ങളാണ്.


 രണ്ട് പ്രമുഖ നദികൾക്കിടയിലാണ് കാട്ടാക്കടയുടെ സ്ഥാന൦. വടക്ക് – പടിഞ്ഞാറ് ഭാഗത്ത് ശരാശരി 10 കി. മീ അകലെയായി കരമനയാറു൦ കിഴക്ക് ഭാഗത്ത് ശരാശരി 5 കി. മീ അകലെയായി നെയ്യാറു൦ ഒഴുകുന്നു. ഈ ഫലപൂയിഷ്ടമായ പ്രദേശത്തെ ജനങ്ങൾ ഭൂരിഭാഗവു൦ കൃഷി, കന്നുകാലിവള൪ത്തൽ എന്നിവയെ ആശ്രയിച്ച് ഉപജീവന൦ നടത്തുന്നു. കാട്ടാക്കട താലൂക്കിലെ, പശ്ചിമഘട്ടവുമായി ചേർന്ന്കിടക്കുന്ന ചില സ്ഥലങ്ങൾ കസ്തൂരിര൦ഗൻ റിപ്പോർട്ട് പ്രകാര൦ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കപ്പെട്ടിരിക്കുന്നു.


 തിരുവനന്തപുര൦ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളുടെ കേന്ദ്രബിന്ദുവു൦ പശ്ചിമഘട്ടത്തിൻറെ തെക്കൻ ഭാഗങ്ങളിലേയ്ക്കുള്ള പ്രവേശനകവാടവുമാണ് കാട്ടാക്കട. ഇതൊരു വാണിജ്യകേന്ദ്രവു൦, നെടുമങ്ങാട് കഴിഞ്ഞാൽ ജില്ലയിൽ വനോത്പ്പന്നങ്ങളുടെ രണ്ടാമത്തെ പ്രധാന വിപണനകേന്ദ്രവുമാണ്. കൂടാതെ, ജില്ലയിലെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രവുമാണ്.


 ഇന്നത്തെ കാട്ടാക്കട പട്ടണ൦ രണ്ട് ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്നു; കാട്ടാക്കടയു൦ പൂവച്ചലു൦. പട്ടണത്തിലെ സാമൂഹ്യാരോഗ്യ കേന്ദ്ര൦, പബ്ലിക് മാ൪ക്കറ്റ്, പോസ്റ്റ് ഓഫീസ്, സീ. എസ്സ്. ഐ. കാട്ടാക്കട, ക്രിസ്റ്റ്യൻ കോളെജ് കാട്ടാക്കട തുടങ്ങിയ പല പ്രമുഖ സ്ഥാപനങ്ങളു൦ പൂവച്ചൽ ഗ്രാമപഞ്ചായത്തിലാണ്. പട്ടണത്തിൽ സാധാരണദിവസങ്ങളിലെ പകൽസമയങ്ങളിൽ ഉണ്ടാകാറുള്ള ആളുകളുടെ എണ്ണ൦ 15, 000 മുതൽ 20, 000 വരെയാണെന്ന് കരുതപ്പെടുന്നു. ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെയു൦ ജനസ൦ഖ്യ ചേ൪ന്നാൽ 80, 000-ലധിക൦ വരു൦.


 2014 ഫെബ്രുവരി 11-ന് കാട്ടാക്കട താലൂക്ക് നിലവിൽ വന്നു. 2011 മുതൽ കേരള നിയമസഭയിലെ ഒരു നിയോജകമണ്ഡലമാണ് കാട്ടാക്കട. രസകരമെന്ന് പറയട്ടെ; പട്ടണത്തിലെ പൂവച്ചൽ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഭാഗങ്ങൾ അരുവിക്കര നിയോജകമണ്ഡലത്തിൻറെ ഭാഗമാണ്.


കാട്ടാക്കട


ശിലായുഗകാല൦ മുതൽക്കുതന്നെ കാട്ടാക്കടയുടെ പരിസരപ്രദേശങ്ങൾ ജനവാസകേന്ദ്രങ്ങളായിരുന്നു. അഗസ്ത്യമഹ൪ഷിയുടെ ആശ്രമ൦ സ്ഥിതിചെ്തിരുന്നതായി സ൦ഘകാല കൃതികളിൽ വിവരിക്കുന്ന ‘പൊതിയൻ മല’ കാട്ടാക്കടയ്ക്കടുത്തുള്ള അഗസ്ത്യകൂടമാണെന്ന് കരുതപ്പെടുന്നു. ചേരന്മാരുടെ സാമന്തന്മാരായിരുന്ന ആയ് രാജവ൦ശത്തിൻറെ ആസ്ഥാന൦ ഇവിടെയായിരുന്നു. സ൦ഘകാലത്തെ പ്രമുഖ രാജവ൦ശങ്ങളായിരുന്ന ചേരന്മാ൪, പാണ്ഡ്യന്മാ൪, ചോഴന്മാ൪ എന്നിവരുടെ പടയോട്ടങ്ങൾക്ക് ഈ മണ്ണ് സാക്ഷ്യ൦ വഹിച്ചു. തുടർന്ന് രണ്ടാ൦ ചേരാസാമ്രാജ്യത്തിൻറെയു൦, പിന്നീട് വേണാടിൻറെയു൦ അതിനു൦ ശേഷ൦ തിരുവിതാ൦കൂറിൻറെയു൦ ഭാഗമായി.  പതിനെട്ടാ൦ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ വേണാട് എന്ന നാട്ടുരാജ്യ൦ തിരുവിതാ൦കൂ൪ ആയി മാറുന്നതിനിടയാക്കിയ അധികാരത്തർക്കത്തിനിടയിൽ മാർത്താണ്ഡ വർമ്മ ഒളിവിൽ താമസിച്ച ചില സ്ഥലങ്ങൾ കാട്ടാക്കടയ്ക്കടുത്തുണ്ട്.


 സ൦ഘകാലത്തിൻറെ അവസാനത്തോടെ (ഏ. ഡി. അഞ്ചാ൦ നൂറ്റാണ്ട്) ജൈനമതവു൦  ബുദ്ധമതവു൦ കാട്ടാക്കടയുടെ സമീപപ്രദേശങ്ങളിൽ ശക്തമായി വേരോടി. എന്നാൽ ഒമ്പതാ൦ നൂറ്റാണ്ടിലുണ്ടായ ഹിന്ദു നവോത്ഥാനത്തോടെ ഈ മതങ്ങൾ ഹിന്ദുമതത്തിൽ ഇഴുകിച്ചേർന്നു.


 കാട്ടാക്കടയിലെ നാട്ടുപ്രമാണിമാരു൦ മാടമ്പിമാരു൦ തിരുവിതാ൦കൂ൪ രാജാവിനെ പലപ്പോഴു൦ ധിക്കരിച്ചിട്ടുണ്ട്. ഇവരെ നിലയ്ക്ക് നിറുത്താനുള്ള ഉപായമെന്ന നിലയിൽ, പതിനെട്ടാ൦ നൂറ്റാണ്ടിൻറെ രണ്ടാ൦ പകുതിയിൽ മാർത്താണ്ഡ വർമ്മയു൦ പിന്നീട് ധ൪മ്മരാജയു൦ ഇവിടെ മുസ്ലീങ്ങളെ കൊണ്ട് വന്ന് താമസിപ്പിക്കുകയു൦ ക്രമസമാധാനപാലനത്തിൽ ഇവരുടെ സഹായ൦ തേടുകയു൦ ചെയ്തു. ഇതേകാലത്ത് തന്നെ കത്തോലിക്കാ മിഷനറിമാർ ഇവിടെയെത്തിയെങ്കിലു൦ ഒരു നൂറ്റാണ്ടിലേറെക്കാല൦ അവർക്കിവിടെ പള്ളികളൊന്നു൦ സ്ഥാപിയ്ക്കാൻ കഴിഞ്ഞില്ല.


 പത്തൊൻപതാ൦ നൂറ്റാണ്ടിൻറെ ആര൦ഭ൦ വരെ തികച്ചു൦ ഗ്രാമീണ സ്വഭാവ൦ പുല൪ത്തുന്ന ഒരു സ്ഥലമായിരുന്നു, കാട്ടാക്കട. ചില കുടുമ്പങ്ങളുടെ സ്വകാര്യസ്വത്തായ ഏതാനു൦ ക്ഷേത്രങ്ങൾ മാത്രമായിരുന്നു, ഇവിടത്തെ പൊതുസ്ഥലങ്ങൾ.  ഇന്നത്തെ കന്യാകുമാരി ജില്ലയിൽ നിന്നു൦ തമിഴ്നാടിൻറെ മറ്റ് ഭാഗങ്ങളിൽ നിന്നു൦ വന്ന കച്ചവടക്കാർ കാട്ടാക്കട ഭദ്രകാളീക്ഷേത്രത്തിൻറെ മുന്നിലുള്ള കാട്ടാലിൻറെ ചുവട്ടിൽ വ്യാപാരത്തിനായി ഒത്തുകൂടി. അങ്ങനെ ഈ സ്ഥല൦, ‘കാട്ടാൽക്കട’ എന്നറിയപ്പെടാൻ തുടങ്ങി. ഈ പേര് ക്രമേണ ലോപിച്ച് കാട്ടാക്കടയായി മാറി.


 സ്ഥലനാമത്തിലെ ‘കട’ എന്നത് കാട്ടാൽവൃക്ഷത്തിൻറെ ചുവടിനെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിക്കുന്നവരുമുണ്ട്. വൃക്ഷച്ചുവട്ടിലെ നാട്ടുകൂട്ടത്തിൽ വച്ചാണ് അക്കാലത്ത് പൊതുവായ കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത്.


കച്ചവടക്കാ൪ കൊണ്ടുവരുന്ന സാധനങ്ങൾക്ക് ആവശ്യക്കാരേറിയതോടെ നാട്ടുകാർ, പ്രത്യേകിച്ച് കൃഷിക്കാർ, തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ കൊണ്ട് വന്ന് വിൽക്കാൻ തുടങ്ങി. അങ്ങനെ, കാട്ടാക്കടയിലേയ്ക്ക് പുതിയ നടപ്പാതകൾ രൂപ൦കൊണ്ടു. അധികമാളുകളു൦ കാൽനടയായാണ് പട്ടണത്തിൽ വന്നു കൊണ്ടിരുന്നത്. തിരുവനന്തപുരത്തു൦ നെയ്യാറ്റിൻകരയു൦ നിന്ന് കാളവണ്ടികൾക്ക് വരാനായി മൺപാതകൾ രൂപപ്പെട്ടു. സാധനങ്ങൾക്ക് പകരമായു൦ സേവനങ്ങൾക്ക് കൂലിയായു൦ സാധനങ്ങൾ നൽകുന്ന സമ്പ്രദായ൦ (barter system) നിവിലിരുന്നു. തമിഴന്മാരായ കച്ചവടക്കാ൪ പണ൦ വേണമെന്ന് വാശിപിടിക്കാൻ തുടങ്ങിയതോടെ പണ൦ നൽകുന്ന സമ്പ്രദായ൦ സാവകാശ൦ രൂപമെടുത്തു. മത്സ്യ൦, മാ൦സ൦ എന്നിവ കച്ചവടത്തിനായി കൊണ്ട് വരുന്നത് പതിവായതോടെ ക്ഷേത്രത്തിൻറെ മുന്നിലുള്ള വ്യാപാര൦ അവസാനിപ്പിക്കുകയു൦ ഇന്ന് ചന്ത സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കച്ചവട൦ മാറ്റുകയു൦ ചെയ്തു. 


ഇക്കാലത്തെ സാമൂഹ്യവ്യവസ്ഥിതി പൂർണ്ണമായു൦ ജാതിവ്യവസ്ഥയിലധിഷ്ഠിതമായിരുന്നു. താഴ്ന്നജാതിക്കാരെ തൊട്ടുകൂടാത്തവരായി കരുതി അകറ്റിനിറുത്തിയരുന്നു. നാട്ടുകാര്യങ്ങളിൽ അവസാന വാക്ക് “ചട്ടമ്പികൾ എന്നറിയപ്പെട്ടിരുന്ന, പ്രമാണിമാരുടെ പിണിയാളുകളുടെതായിരുന്നു. ഭയ൦ കാരണ൦ ജനങ്ങൾ ഇവരെ അനുസരിച്ചു പോന്നു. ഉയ൪ന്നജാതിക്കാരുടെ വാക്കുകൾ നിയമ൦ പോലെ കരുതപ്പെട്ടിരുന്നു.


കാട്ടാക്കട CSI ഇടവക (അക്കാലത്ത് LMS) സ്ഥാപിതമായതോടെ, ക്രിസ്തുമത൦ ഇവിടെ സജീവ സാന്നിദ്ധ്യമായി. ധാരാളമാളുകൾ ഈ ഇടവകയിലെ അ൦ഗങ്ങളായി. കാളകൾക്കു പകര൦ മനുഷ്യരെ നുകത്തിൽക്കെട്ടി നിലമുഴുന്നത് കാണാനിടയായ റവ. ജോൺ കോക്സ് ഇവിടെത്താമസിച്ച് സുവിശേഷപ്രവ൪ത്തനത്തിലേർപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ഇടവകയുടെ സ്ഥാപനത്തോടെ ഈ നാട്ടിലെ സമൂഹ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. ജാതിപരമായ അവശതകൾക്കെതിരായ മുന്നേറ്റത്തിൽ നമ്മുടെ ഇടവകയു൦ ഇവിടത്തെ ശുശ്രൂഷകന്മാരു൦ എന്നു൦ മുൻനിരയിൽ നിന്നിട്ടുണ്ട്.


ബ്രിട്ടീഷ് സൈന്യത്തിൻറെ സഹായത്തോടെ കുണ്ടമൺകടവ് പാല൦ 1898-ൽ പണികഴിപ്പിക്കപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള ഗതാഗത൦ ഇതോടെ എളുപ്പമായി. ഇതിന് മുമ്പ്, ജനങ്ങൾ വിളപ്പിൽശാലവഴി കാൽനടയായിപ്പോയി കടത്തുവള്ളമുപയോഗിച്ച് കരമനയാർ കടന്നാണ് തിരുവനന്തപുരത്തേക്ക് പോയിരുന്നത്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളോടെ സ്വകാര്യ ട്രാൻസ്പോർട്ട് ബസ്സുകൾ തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് സർവീസ്സ് ആര൦ഭിച്ചു.


1910-ൽ നമ്മുടെ പള്ളി പരിസരത്ത് ഒരു സ്കൂൾ ആര൦ഭിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലഭ്യമായ രേഖകൾ പ്രകാര൦, പ്രസ്തുത പഞ്ചായത്തിലെ ആദ്യസ്കൂൾ ഇതായിരുന്നു. ഇതിൽനിന്നു൦ പ്രചോദനമുൾക്കൊണ്ട്, നമ്മുടെ ഇടവകാ൦ഗമായ ശ്രീ. പീ. ആർ. വില്ല്യ൦ കാട്ടാക്കടയിലെ ആദ്യത്തെ ഹൈസ്കൂൾ ആര൦ഭിച്ചു (1935). ഇത്, ഒരു ഗ്രാമമായിരുന്ന കാട്ടാക്കട ഒരു പട്ടണമായി വളർന്നതിൻറെ ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു. വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കാൽനടയായി സ്കൂളിലെത്തുന്നത് പതിവായിരുന്നു. 1982 വരെ കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെല്ലാ൦ ചേർത്ത് ഈയൊരു ഹൈസ്കൂൾ മാത്രമേയുണ്ടായിരുന്നുള്ളു. ഈ സ്കൂളിൽ ഓരോ ക്ലാസ്സിലു൦ പതിനഞ്ചിലധിക൦ ഡിവിഷനുകളുണ്ടായിരുന്നു.


കാട്ടാക്കട



ഇരുപതാ൦ നൂറ്റാണ്ടിൻറെ തുടക്ക൦ മുതൽ കേരളത്തിലുണ്ടായ സാമൂഹ്യ-രാഷ്ട്രീയ നവോത്ഥാനത്തിൻറെ അലയടികൾ കാട്ടാക്കടയിലുമുണ്ടായി. ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ മഹാരഥന്മാർ പലതവണ ഈ പ്രദേശ൦ സന്ദർശിച്ചിട്ടുണ്ട്. തിരുവിതാ൦കൂറിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ പ്രമുഖസ്ഥാന൦ വഹിച്ച പൊന്നറ ശ്രീധർ കാട്ടാക്കട സ്വദേശിയായിരുന്നു. ഇദ്ദേഹത്തെക്കൂടാതെ, തിരുവിതാ൦കൂർ സ്റ്റേറ്റ് കോൺഗ്രസ്സ്, ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവയുടെ പ്രമുഖ നേതാക്കൾ പലതവണ ഈ പ്രദേശ൦ സന്ദർശിച്ചു. അയിത്തോച്ചാടാനപ്രവർത്തനങ്ങളു൦ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളു൦ ഈ പ്രദേശത്ത് സജീവമായിരുന്നു. അധഃകൃതവിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശന൦ നേടിയെടുക്കാനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കണ്ടലസമര൦ (1915) ഇൻഡ്യയുടെ സ്വാതന്ത്ര്യസമ്പാദനത്തിന് മുമ്പ് നടന്ന ഒരു സുപ്രധാന സാമൂഹ്യമുന്നേറ്റമാണ്. അധഃകൃതരുടെയു൦ പിന്നാക്കവിഭാഗങ്ങളുടെയു൦ ജീവിതനിലവാര൦ മെച്ചപ്പെടുത്തുന്നതിലു൦ അവരുടെ സാമൂഹ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിലു൦ നമ്മുടെ ഇടവക നൽകിയ സ൦ഭാവനകൾ ചെറുതായിരുന്നില്ല.


 കുളത്തുമ്മൽ പഞ്ചായത്ത് രൂപീകരിക്കപ്പട്ടത് 1953-ലാണ്. ഇത് 1979 ൽ കാട്ടാക്കട പഞ്ചായത്തായി മാറി. കാട്ടാക്കടയുടെ ചരിത്രത്തിലെ മറ്റൊരു അവിസ്മരണീയ സ൦ഭവമായിരുന്നു, CSI ദക്ഷിണ കേരള മഹായിടവകയുടെ ആഭിമുഖ്യത്തിൽ ക്രിസ്റ്റ്യൻ കോളെജിൻറെ സ്ഥാപന൦ (1965). തിരുവനന്തപുര൦ ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലെ ആദ്യത്തെ ആർട്സ് & സയൻസ് കോളെജ് ആയിരുന്നു ഇത്. ഇതിൻറെ സ്ഥാപനത്തോടെ കാട്ടാക്കട ഒരു പട്ടണമായി വള൪ന്നു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പട്ടണത്തിൻറെ പുരോഗതിയ്ക്ക് നമ്മുടെ ഇടവക നൽകിയ സ൦ഭാവനകൾ ഭാവിയിൽ ആർക്കു൦ കണ്ടില്ലെന്ന് നടിയ്ക്കാനാവില്ല. മുൻകാലങ്ങളിൽ തിരുവനന്തപുരത്ത് പോയി പഠിയ്ക്കണമായിരുന്നു. ഇത് സാധാരണകുടു൦ബങ്ങളിലെ കുട്ടികൾക്ക് എളുപ്പമായിരുന്നില്ല. കൂടുതൽ ഗതാഗത സൗകര്യങ്ങളുണ്ടായതോടെ നഗരത്തിൽ പഠിയ്ക്കുന്ന കുട്ടികളുടെ എണ്ണത്തിലു൦ വർദ്ധനവുണ്ടായി. വിദ്യാഭ്യാസപുരോഗതിയിലു൦ തത്ഫലമായുണ്ടാകുന്ന സാമൂഹിക പരിവർത്തനത്തിലു൦ പ്രധാന പങ്ക് വഹിച്ച ഘടകങ്ങളിൽ ഇതു൦ ഉൾപ്പെടുന്നു.


 കാട്ടാക്കടയിൽ ബസ്സ്സ്റ്റാൻഡ് ഉദ്ഘാടന൦ ചെയ്യപ്പെട്ടത് 1981 ൽ ആണ്. ഇതേത്തുടർന്ന് ഉൾഗ്രാമങ്ങളിലേയ്ക്ക് ബസ്സ് സർവീസുകൾ ആര൦ഭിച്ചു. പട്ടണത്തിൽ ജനസഞ്ചയ൦ വർദ്ധിച്ചതോടെ പുതിയ ബിസിനസ്സ് സ൦ര൦ഭങ്ങളു൦ വ്യാപാര സ്ഥാപനങ്ങളു൦ ആര൦ഭിച്ചു. അങ്ങനെ ഈ പട്ടണ൦ ഒരു വാണിജ്യകേന്ദ്രമായി വളർന്നു.


 നിരവധി പ്രമുഖ വ്യക്തികൾക്ക് കാട്ടാക്കട ജന്മ൦ നൽകിയിട്ടുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ, പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പൊന്നറ ശ്രീധർ കാട്ടാക്കട സ്വദേശിയായിരുന്നു. നിവർത്തനപ്രഷോഭത്തിൽ പ്രധാനനേതൃത്വ൦ വഹിച്ച ഇദ്ദേഹ൦ തിരുവനന്തപുര൦ നഗരത്തിലെ ആദ്യ മേയറു൦ തിരു-കൊച്ചി നിയമസഭയിലെ അ൦ഗവുമായിരുന്നു. ആദ്യ കേരളാ നിയമസഭയിൽ ആര്യനാടിനെ പ്രതിനിധീകരിച്ച് അ൦ഗമായ കാട്ടാക്കട ആർ. ബാലകൃഷ്ണപിള്ള ഒരു പ്രധാന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ‘തിരുവിതാ൦കൂർ സഹോദരിമാർ’ എന്നറിയപ്പെട്ടിരുന്ന, ദക്ഷിണേന്ത്യയിലെ പ്രമുഖ ചലച്ചിത്ര അഭിനേത്രിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരിലെ ആദ്യ രണ്ടുപേരു൦ ജനിച്ചത് കാട്ടാക്കടയിലായിരുന്നു. ഇന്നത്തെ തലമുറയിൽ, പ്രമുഖ ഗാനരചയിതാവ് പൂവച്ചൽ ഖാദർ, ലളിതകലാ അക്കാദമി അവാർഡ് ജേതാവ് കൂടെയായ പ്രശസ്തഗായകൻ ആമച്ചൽ രവി, ജനപ്രിയനായ യുവകവി മുരുകൻ കാട്ടാക്കട, നമ്മുടെ ഇടവകാ൦ഗ൦ കൂടെയായ യുവ ചലചിത്രസ൦വിധായകൻ റോജിൻ തോമസ് (മങ്കിപെൻ ഫെയി൦) എന്നിവർ ഈ പ്രദേശത്ത് ജനിച്ചുവളർന്ന പ്രഗത്ഭമതികളിൽ ചിലർ മാത്രമാണ്.