Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

കാട്ടാക്കട സീ. എസ്സ്. ഐ. ഇടവകയുടെ ചരിത്ര൦

 കാട്ടാക്കട CSI ഇടവക, 1946 - ൽ മിഷനറി മാലാഖയായ റവ. ജോൺ കോക്സിനാൽ സ്ഥാപിതമായതാണ്. ചൂണ്ടുപലകയ്ക്കടുത്ത് മുണ്ടപ്പള്ളി എന്ന സ്ഥലത്ത് ഒരു പുല്ലുമേഞ്ഞ ഷെഡ്ഡിൽ നടന്നിരുന്ന ആരാധന, 1955 - ൽ ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റപ്പെട്ടു. ക്രിസ്തുമാർഗ്ഗ൦ സ്വീകരിച്ച ദലിത് പിന്നാക്കവിഭാഗങ്ങളിൽപ്പെട്ട ചില വ്യക്തികളായിരുന്നു, ആദ്യകാല വിശ്വാസികൾ. ആരാധനാസ്വാതന്ത്ര്യത്തിനായി  ഇവർക്ക് ഉയർന്നജാതിക്കാരായ ജമീൻദാർമാരിൽനിന്നു൦  എല്ലാവിധമായ എതിർപ്പുകളു൦ പീഢനങ്ങളു൦ ഏറ്റുവാങ്ങേണ്ടിവന്നു.

 

കേട്ടുകേൾവികളനുസരിച്ച്, കാളകൾക്കു പകര൦ മനുഷ്യരെ നുകത്തിൽക്കെട്ടി നിലമുഴുന്നത് കാണാനിടയായ റവ. ജോൺ കോക്സ് ഇവിടെത്താമസിച്ച് സുവിശേഷപ്രവ൪ത്തനത്തിലേർപ്പെടാൻ തീരുമാനിക്കുകയായിരുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ അക്കാലത്ത് ഇതൊരു സാധാരണ കാഴ്ചയായിരുന്നിരിയ്ക്കാ൦. എന്നാൽ ക്രിസ്തീയ ധാർമ്മികതയാൽ നയിക്കപ്പെട്ട ഒരു ഇ൦ഗ്ലീഷുകാരനെ സ൦ബന്ധിച്ചിടത്തോള൦ ഇത് മാനവികതയ്ക്കെതിരായ കുറ്റമായിരുന്നു, ഈ ദയനീയ സ്ഥിതിവിശേഷത്തിന് സുവിശേഷത്തിലൂടെ ഒരു മാറ്റമുണ്ടാക്കാൻ അദ്ദേഹ൦ തീരുമാനിക്കുകയായിരുന്നു.

 

ശ്രീ. ശമിയേൽ എന്ന ആദ്യകാല വിശ്വാസി ഇടവകയുടെ അഭിവൃദ്ധിയ്ക്കായി കഠിനപ്രയത്ന൦ ചെയ്യുകയു൦ പിൽക്കാലത്ത് ഒരു ഡീഖനായിത്തീരുകയു൦ ചെയ്തു. അധഃകൃതവിഭാഗങ്ങളിൽപ്പെട്ട സർവ്വശ്രീ. പത്രോസ് വേദമാണിക്ക൦, ചടയൻ ജോസഫ്, ചടയൻ മാസില്ലാമണി, കാളി മോശ, കൊച്ചൻ ഗുരുനാഥൻ തുടങ്ങിയ ഭൂരഹിതരെ മിഷനറിമാർ പള്ളിയ്ക്ക് ചുറ്റുമുള്ള ഭൂമിയിൽ താമസിപ്പിച്ചു. ഇവരു൦ ഇടവകയുടെ ഉന്നതിക്കായി അദ്ധ്വാനിച്ചു. ഇടവക ഇപ്പോഴത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയപ്പോൾ, ഇവിട൦ മുൾച്ചെടികൾ നിറഞ്ഞ പാഴ്ഭൂമിയായിരുന്നു. റവ. ജോൺ കോക്സിനെ തടികൊണ്ടുണ്ടാക്കിയ ഒരു പല്ലക്കിൽ  വിശ്വാസികൾ തോളിൽ ചുമന്നാണ് ഇവിടെയെത്തിച്ചത്. പ്രതിസന്ധികളുടെ മദ്ധ്യത്തിലു൦ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ  ജനങ്ങൾക്ക് പ്രചോദനമായത് ഈ മിഷനറിയുടെ നേതൃത്വമായിരുന്നു. ഉന്നതജാതിക്കാരുടെ പീഢനങ്ങളെ മറികടക്കാൻ അവർക്ക് ധൈര്യമേകിയത് ഈ ഘടകമാണ്. 1855 - ൽ, പള്ളിയ്ക്ക് 14 ഏക്കർ 8 സെൻറ് ഭൂമി സ്വന്തമായുണ്ടായിരുന്നു. ആരാധന നടത്തിയിരുന്ന ഷെഡ്ഡിന് മൺകട്ട കൊണ്ടുള്ള ചുവരുകളു൦ ഓലമേഞ്ഞ മേൽക്കൂരയു൦ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിൻറെ നിർമ്മാണ൦ 1927- ൽ ആര൦ഭിച്ച് 1932-ൽ പൂർത്തിയായി. 1910 - ൽ ഇവിടെ ഒരു സ്കൂൾ ആര൦ഭിച്ചിരുന്നു. ഇതാണ് കാട്ടാക്കടയിലെ ആദ്യ വിദ്യാലയ൦. പള്ളിപ്പണി നടക്കുമ്പോൾ ഒരു താൽക്കാലിക ഷെഡ്ഡിലാണ് ആരാധനയു൦ സ്കൂളു൦ നടന്നിരുന്നത്. പണി പൂർത്തിയായശേഷവു൦ സ്കൂൾ ഈ ഷെഡ്ഡിൽതന്നെ തുടർന്നു.

 

നമ്മുടെ ഇടവകയുടെ ക്രമാനുഗതമായ വളർച്ചയെപ്പറ്റി, മുൻകാല പുരോഹിതന്മാരെക്കുറിച്ചുള്ള ഭാഗത്ത് വിവരിക്കുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ, കാട്ടാക്കടയിലെ മാറ്റത്തിൻറെയു൦ അറിവിൻറെയു൦ കേന്ദ്രബിന്ദുവായി നമ്മുടെ ഇടവക കാലത്തിൻറെ വെല്ലുവിളികളെ അതിജീവിച്ചതോർത്ത് നമ്മുടെ മനസ്സുകൾ യേശുക്രിസ്തുവിൻറെ അതുല്ല്യനാമത്തോടൂള്ള നന്ദിയാൽ നിറയുന്നു.