സാമുവേൽ അമൃതം തിരുമേനി കാലം ചെയ്തു.

 

CSI ദക്ഷിണ കേരള മഹാ ഇടവക മുൻ ബിഷപ് റൈറ്റ് റവ. സാമുവേൽ അമൃതം തിരുമേനി കാലം ചെയ്തു. കാട്ടാക്കട ഇടവകയുടെ ആദരാഞ്ജലികൾ. പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണം സ്വദേശിയാണ്.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് ചെറുവാരക്കോണം അബ്ബാസ് മെമ്മോറിയൽ സീ.എസ്സ്‌.ഐ. പള്ളി സെമിത്തേരിയിൽ നടക്കും.

ക്രിസ്തീയ ദൗത്യം മുഴുവൻ സമൂഹത്തിനും പ്രയോജനപ്രദമാകണമെന്ന കാഴ്ച്ചപ്പാടിനുടമയായിരുന്നു, അമൃതം തിരുമേനി. മറ്റു സഭകളുമായി നമ്മുടെ സഭാ ജനങ്ങൾ നടത്തുന്ന വിവാഹ ബന്ധങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഉദാരമായ നയം സ്വീകരിക്കുകയും തത്ഫലമായി ഈ വിഷയത്തിൽ വിവിധ ക്രിസ്തീയ വിഭാഗങ്ങൾക്കിടയിൽ - പ്രേത്യേകിച്ചും കത്തോലിക്കാ പ്രൊട്ടസ്റ്റൻറ്റ് വിഭാഗങ്ങൾക്കിടയിൽ - നിലനിന്നിരുന്ന കടുംപിടിത്തങ്ങൾ അവസാനിക്കുകയും ചെയ്തു. സഭ വിട്ട് പുറത്തുപോയിരുന്ന സ്വതന്ത്ര ചിന്താഗതിക്കാരും സുവിശേഷപ്രവർത്തന തത്പരരുമായ യുവാക്കളെ സഭയിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിച്ചത് തിരുമേനിയായിരുന്നു. സഭയുടെ ഭാഗമായി തുടർന്നുകൊണ്ടുതന്നെ അവർക്ക് സ്വതന്ത്ര സുവിശേഷപ്രവർത്തനം നടത്താൻ സാധിച്ചു.

            പാശ്ചാത്യ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന തിരുമേനി മാസ്സ് ക്വയറുകൾ രൂപീകരിക്കുന്നതിന് സജീവമായി നേതൃത്വം നൽകി. ഇതിന് അദ്ദേഹത്തിൻറെ സ്വദേശമായ ചെറുവാരക്കോണത്തുനിന്ന് ലഭിച്ച പിന്തുണയും എടുത്തുപറയേണ്ടതാണ്.കുറച്ചുനാളുകളായി വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ തിരുമേനിയെ അലട്ടിയിരുന്നു. കിടക്കയിൽ വച്ചും, വിവിധ ഇടവകകളുടെ ക്വയറുകളുടെ ഗാനാലാപനം ശ്രവിക്കാൻ അദ്ദേഹം താത്പര്യം കാട്ടി. അദ്ദേഹത്തിൻറെ ഇംഗീതമനുസരിച്ച്, കഴിഞ്ഞ ജന്മദിനത്തിൽ അദ്ദേഹത്തെ സന്ദർശിച്ച് ഗാനമാലപിക്കാൻ നമ്മുടെ ഇടവകയ്ക്കും ഭാഗ്യം ലഭിച്ചു.

 

            മോസ്റ്റ് റവ. ഐ. യേശുദാസൻ തിരുമേനിയെ തുടർന്ന് 1990ൽ നമ്മുടെ മഹായിടവക ബിഷപ് ആയ സാമുവേൽ അമൃതം തിരുമേനി, ലോക സഭാ കൗൺസിലിൽ (World Church Council – WCC) തൻറെ മുൻഗാമി വഹിച്ച നേതൃത്വപരമായ പങ്ക് തുടർന്നു.

1997ൽ അദ്ദേഹം ഔഗ്യോഗികശുശ്രൂഷയിൽ നിന്ന് വിരമിച്ചെങ്കിലും സഭയുടെയും മഹായിടവകയുടെയും പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകിപ്പോന്നു.

 

തിരുമേനിയുടെ നിര്യാണം മൂലം നമ്മുടെ മഹായിടവകയ്ക്കും സമൂഹത്തിനും ഒരു അതികായനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും എല്ലാ CSI വിശ്വാസികളുടെയും ദുഃഖത്തിൽ നമ്മുടെ ഇടവകയും പങ്കുചേരുന്നു.