ക്ഷണം
പുനരാഖ്യാനം : വിൽഫ്രഡ് രാജ്, ഒയാസിസ്
സ്കോട്ലാൻഡിൽ, വാലാസ് എന്നു പേരുള്ള ഒരു ബാലൻ ജീവിച്ചിരുന്നു. അവൻ പൊണ്ണത്തടിയനായിരുന്നതു കൊണ്ട് കൂട്ടുകാരാരും അവനെ ഫുട്ബോൾ കളിക്കാൻ കൂട്ടിയിരുന്നില്ല. അതുകൊണ്ട് അവൻ അധികസമയവും ഒറ്റയ്ക്കാണ് ചെലവഴിച്ചിരുന്നത്.
അവന്റെ ഇടവകയിൽ, ക്രിസ്ത്മസ്സിന്റെ തലേ രാത്രിയിൽ, യേശുവിന്റെ ജനനം ചിത്രീകരിക്കുന്ന ലഘുനാടകം അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു.
ഇത്തവണയും, കുട്ടികൾ നാടകം പരിശീലിക്കാൻ തുടങ്ങി. നാടകത്തിൽ ഒരു റോൾ കിട്ടുമെന്ന് പ്രതീക്ഷിച്ച് വാലസ് ഇടവക വികാരിയെ കണ്ടു. എന്നാൽ തടിയനായ ഒരു കുട്ടിയെ തങ്ങളുടെ നാടകത്തിലുൾപ്പെടുത്താൻ കുട്ടികൾ തയ്യാറായില്ല. അവർ അവനെ പരിഹസിക്കാൻ തുടങ്ങി. ഒടുവിൽ ഇടവക വികാരി ഇടപെട്ടപ്പോൾ, ഒരു സത്രം സൂക്ഷിപ്പുകാരന്റെ റോൾ നല്കാൻ അവർ സമ്മതിച്ചു.
ബത്ലഹേമിലെ ഒരു സത്രം സൂക്ഷിപ്പുകാരന്റെ റോളാണ് വാലസ് അവതരിപ്പിക്കേണ്ടിയിരുന്നത്. ജോസെഫും, ഗർഭിണിയായ ഭാര്യ മറിയയും, ജനസംഖ്യാ കണക്കെടുപ്പിൽ പേര് നല്കുന്നതിനായി ബെത്ലഹെമിൽ വരുന്നു. പട്ടണത്തിൽ തിരക്കായിരുന്നത്കൊണ്ടും, താമസസൗകര്യങ്ങൾക്ക് ഏറെ ആവശ്യകാരുണ്ടായിരുന്നതുകൊണ്ടും അവർ ഓരോ വീട്ടിൽ നിന്നും സത്രത്തിൽ നിന്നും ആട്ടിയോടിക്കപ്പെടുന്നു. അവസാനം അവർ വാലസിന്റെ സത്രത്തിലും വന്ന്, ഗർഭിണിയായ മറിയത്തിന് ഒരു രാത്രി തങ്ങാൻ ഇടം ചോദിക്കുന്നു. വാലസ് അപ്പോൾ പറയണം:"ഇവിടെ ഇടമില്ല." ഇത് മാത്രമാണ്‍ നാടകത്തിൽ വാലസിന്റെ കഥാപാത്രത്തിന് പറയാനുണ്ടായിരുന്ന സംഭാഷണം.
നാടകം നന്നായി റിഹേഴ്സൽ ചെയ്തിരുന്നു. ക്രിസ്ത്മസ്സിന്റെ തലേ രാത്രി എത്തി. രാത്രിയിലെ കുർബാനയ്ക്കുശേഷം നാടകം അവതരിപ്പിക്കപ്പെട്ടു. സ്ക്രിപ്റ്റിലുള്ളതുപോലെ, ജോസെഫും മറിയവും സത്രത്തിൽ വന്ന്, രാത്രി താങ്ങാനുള്ള ഇടത്തിനായി അഭ്യർത്ഥിച്ചു. സത്രക്കാരന്റെ വേഷം കെട്ടിയ വാലസ് പറഞ്ഞു: "ഇവിടെ ഇടമില്ല."
നിരാശരായ ജോസെഫും മറിയവും മടങ്ങിപ്പോയി. സഹതാപത്തോടെ വാലസ് നോക്കി നിന്നു.. അവർക്ക് ഒരു സഹായവും ചെയ്യാൻ തനിക്ക് കഴിയാത്തതിൽ അവന് ദു:ഖം തോന്നി. താൻ ഒരു നടനാണെന്ന കാര്യം ഒരു നിമിഷത്തേയ്ക് അവൻ മറന്നു പോയി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു: "എന്റെ വീട്ടിലേയ്ക്ക് വരൂ. അവിടെ നിങ്ങൾക്കും കുഞ്ഞിനും ഇഷ്ടം പോലെ സ്ഥലമുണ്ട്”.