My Reflection on Dr. Resiyamoni[1]
Rev. Shibu R Mayam
Associate Pastor CSI Kattakada
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു ദിവസം, എന്‍റെ ബന്ധു ഒരു മാന്യ മദ്ധ്യവയസ്കനോട് സംസാരിച്ചു നിനില്‍ക്കുകയായിരുന്നു. താന്‍ സംസാരിച്ചു കൊണ്ടിരുന്നത് ഒരു ആയുര്‍വേദ ഡോക്ടറുടെ ഭര്‍ത്താവിനോടായിരുന്നെന്നും അദ്ദേഹം പി.ആര്‍.വില്ല്യം ഹൈസ്കൂളിലെ മാനേജരാണെന്നും പ്രസ്തുത വ്യക്തി എന്നോട് പറഞ്ഞു. സി.എസ്.ഐ. വിഭാഗത്തില്‍ നിന്നും ഒരു ആയുര്‍വേദ ഡോക്ടര്‍ എന്നത് എന്നെ അമ്പരപ്പിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയി. ഇപ്പറഞ്ഞ ആയുര്‍വേദ ഡോക്ടറുടെ കാര്യം ഞാന്‍ മറക്കുകയും ചെയ്തു. എന്‍റെ വിവാഹ ശേഷം എന്‍റെ ഭാര്യാ പിതാവ് ഫോണിലുടെ ഒരു ആയുര്‍വേദ ഡോക്ടറോട് സംസാരിക്കുകയായിരുന്നു. തന്‍റെ അസുഖ സംബന്ധമായി ഡോക്ടറെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. തൃപ്പുണിത്തുറ ഗവ.ആയുര്‍വേദകോളേജിലെ ഒരു ഗൈനക്കോളജിസ്റായിരുന്നു അതെന്നു പിന്നീട് എന്‍റെ ഭാര്യ പറഞ്ഞു ഞാനറിഞ്ഞു. ഇത്ര ദുരെ ജോലി ചെയ്യുന്ന ഒരു വ്യക്തി ആഴ്ച തോറും നാട്ടില്‍ വന്നു പോകുന്നതെങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു.
പിന്നീട് എനിക്കീ ഡോക്ടറെ നേരില്‍ കാണാന്‍ അവസരമുണ്ടായി. ഞാന്‍ ഭാര്യയോടൊപ്പം വീട്ടില്‍ ചെന്നു. അവിടെ കുറച്ചു രോഗികള്‍ ഉണ്ടായിരുന്നു. അവസാനത്തതിനു തൊട്ടു മുമ്പിലത്തെ ഊഴം ലഭിച്ച ഞങ്ങള്‍ ഡോക്ടറെ കാണുന്നതിനായി കാത്തിരുന്നു. ഓരോ രോഗിക്കു വേണ്ടിയും കൂടുതല്‍ സമയം ഡോക്ടര്‍ ചിലവഴിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇത്രയും സമയം ഓരോരുത്തര്‍ക്കും വേണ്ടി ചിലവക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. പരിശോധന മുറിയില്‍ നിന്നുള്ള ചില സംഭാഷണങ്ങള്‍ പുറത്തു കേള്‍ക്കാമായിരുന്നു. എല്ലാവര്‍ക്കും മനസിലാകുന്ന സാധാരണ ഇംഗ്ലീഷ് വാക്കുകള്‍ പോലും മൊഴി മാറ്റി മലയാളത്തില്‍ അവര്‍ രോഗികളോട് സംസരിക്കുന്നതു ഞാന്‍ കേട്ട്. മാതൃഭാഷയോടുള്ള അവരുടെ സ്നേഹം എനിക്ക് മനസിലായി.
ഡോക്ടര്‍ നല്‍കുന്ന മരുന്നുകളെക്കാള്‍ അവരുടെ സ്നേഹനിര്‍ഭരമായ വാക്കുകളാണ് രോഗികള്‍ക്ക് കുടുതല്‍ ആശ്വാസം നല്‍കുന്നത് എന്ന് എനിക്ക് മനസിലായി. ഞങ്ങള്‍ പരിശോധന ഫീസ് നല്‍കിയെങ്കിലും അവര്‍ സ്നേഹപുര്‍വം അതു നിരസിച്ചു. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങാറില്ലെന്നു ഞാന്‍ മറ്റു രോഗികളില്‍ നിന്ന് മനസ്സിലാക്കി. ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പതിവില്‍നിന്നു വ്യത്യസ്തമായിരുന്നു ഇത്. രോഗികളെ പരിചരിക്കുന്നതു ഒരു വരുമാന മാര്‍ഗമായല്ല, മറിച്ച് സേവനമായാണ് ഡോക്ടര്‍ കണ്ടിരുന്നത്.
തുടര്‍ന്ന് ഞാന്‍ പലപ്പോഴും കുടുംബസമേതം ഡോക്ടറെ കണ്ടിരുന്നു. ഞാന്‍ അവരോടു അധികം സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ ഞാന്‍ അവരില്‍ നിന്നും മാതൃതുല്യമായ ഒരു വാത്സല്ല്യം പ്രസരിക്കുന്നത് അറിഞ്ഞിരുന്നു.
കാട്ടാക്കട സി.എസ്.ഐ. ഇടവകയിലേക്ക് മാറ്റം ലഭിച്ചു വരുമ്പോള്‍ ഞാന്‍ ഡോക്ടറെ ഓര്‍ത്തില്ല. ആരാധന കഴിഞ്ഞു പുറത്തു ഇറങ്ങുമ്പോള്‍ ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കണ്ടു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി. എന്‍റെ കുടുംബത്തിന്റെ ക്ഷേമ വിവരങ്ങള്‍ തിരക്കിയിട്ടു അവര്‍ കടന്നു പോയി. ഇത്തരത്തില്‍ ഒരു കുലീന വ്യക്തിത്വത്തിന്‍ ഉടമയെ ശുശ്രുഷക്കിടെ കണ്ടു മുട്ടിയതോര്‍ത്തു ഞാന്‍ സന്തോഷിച്ചു.
ഡോക്ടറുടെ വീട്ടിനടുത്തുള്ള ജോയല്‍ എന്ന പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ടു ആ ഭവനത്തില്‍ പോയപ്പോള്‍ ഡോക്ടറെ വീണ്ടും കാണാനിടയായി. അടക്കശുശ്രുഷയില്‍ പാട്ടുകള്‍ പാടി അവര്‍ ശുശ്രുഷയെ സഹായിച്ചു. മഴയുള്ള ദിവസമായിരുന്നു അത്. എനിക്ക് തണുപ്പനുഭവപ്പെട്ടെങ്കിലും ഡോക്ടര്‍ വിയര്‍ക്കുന്നത് ഞാന്‍ കണ്ടു. ഉറക്കെ പാടിയതിന്‍റെ ബുദ്ധിമുട്ടാണെന്നു ഞാന്‍ മനസ്സിലാക്കി.
അടുത്ത വ്യാഴാഴ്ച, ഡോക്ടര്‍ക്ക് ഒരു രോഗമുണ്ടെന്ന് ഒരു കമ്മറ്റിയംഗം എന്നോട് പറഞ്ഞു. ഡോക്ടര്‍ക്ക് കാന്‍സര്‍ ആണെന്നും രോഗം അതിന്‍റെ മൂര്‍ധന്യ അവസ്ഥയില്‍ ആണെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മറ്റുള്ളവര്‍ അവരുടെ രോഗത്തെപറ്റി മനസ്സിലാക്കരുതെന്നു കരുതി ഞങ്ങള്‍ പരസ്യമായ പ്രാര്‍ത്ഥന ഒഴിവാക്കി. എന്നാല്‍ ചില ദിവസങ്ങള്‍ക്കുള്ളില്‍ വിവരം എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു. ഡോക്ടര്‍ തന്നെ സഭയുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടു. അവരുടെ ആദ്യ കീമോയുടെ തലേ ദിവസം ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയി. ഒരു കൂട്ടം പുരോഹിതന്മാരും വിശ്വാസികളും അവര്‍ക്കായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
ആദ്യ കീമോക്കു ശേഷം വീണ്ടും അവരുടെ ഭവനമായ 'ധന്യ'യില്‍ പോയി. അവര്‍ വളരെ ക്ഷീണിതയായിരുന്നു. പ്രാര്‍ത്ഥിച്ചശേഷം ഞാന്‍ കടന്നു പോയി. സര്‍ജറിക്ക് ശേഷം ഞാന്‍ അവരുടെ സഹോദരിയുടെ ഭവനത്തില്‍ വച്ച് (പേരൂര്‍കട) കാണുകയുണ്ടായി. അവര്‍ക്ക് അല്പം ഭേദം ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത ദിവസം അവരുടെ നില ഗുരുതരമാണെന്ന് കേട്ട് അവിടെ പോയി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. അവര്‍ ഇത്ര പെട്ടെന്ന് കടന്നു പോകും എന്ന് ചിന്തിച്ചില്ല. നിര്‍ഭാഗ്യവശാല്‍, ഒഴിച്ചുകൂടാന്‍ ആവാത്തത് സംഭവിച്ചു. 'നിന്നിലാശ്വാസം കാണാന്‍' എന്നാ ഗാനം പാടുന്ന വേളയില്‍ അവര്‍ അന്ത്യശ്വാസം വലിച്ചു. തീര്‍ച്ചയായും തന്‍റെ ആത്മ മിത്രമായ യേശുവില്‍ അവര്‍ ആശ്വാസം കണ്ടെത്തി കഴിഞ്ഞു.
ആഭിജാത്യവും മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സോരുക്കവും ഉള്ള ഒരു വ്യക്തിയായിരുന്നു ഡോ. റസിയാമണി. എനിക്ക് മുമ്പായി ഇടവകയില്‍ ശുശ്രുഷിച്ച ഒരു പുരോഹിതന്‍ ഡോക്ടറെ പറ്റിയുള്ള ഓര്‍മ്മകള്‍ കഴിഞ്ഞ ദിവസം പങ്കു വയ്ക്കുകയുണ്ടായി. എപ്പോഴും മാന്യമായി സംസാരിക്കുന്ന, ആരെയും കുറ്റം പറയാത്ത ഒരു വ്യകിയായിരുന്നു അവര്‍.എന്‍റെ ചുരുങ്ങിയ പരിചയം വച്ച് ക്വയര്‍, സഭ കമ്മറ്റി, മഹാ ഇടവക, സിനഡ് തുടങ്ങി സഭ അവരെ ആക്കി വച്ച പ്രവര്‍ത്തന മണ്ഡലങ്ങളിലെല്ലാം സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഡോക്ടര്‍. സഭ സംഘടിപ്പിച്ച മെഡിക്കല്‍ കാമ്പുകളില്‍ സജീവ സാനിദ്ധ്യമായിരുന്നു അവര്‍.
മരുന്ന് കുറിച്ച് കൊടുക്കുമ്പോള്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കുന്ന സ്വഭാവം ഡോക്ടര്‍ക്ക് ഉണ്ടായിരുന്നുവെന്നു മറ്റുള്ളവരില്‍ നിന്ന് എന്നിക്ക് മനസ്സിലായി. വീട്ടിനു മുമ്പിലെ ബോര്‍ഡില്‍ പേര് പ്രദര്‍ശിപ്പിച്ചിരുന്നു എങ്കിലും പരിശോധന സമയം കാണിച്ചിരുന്നില്ല. താന്‍ രോഗികളുടെ ശുശ്രുഷക്കായി എപ്പോഴും തയ്യാറാണ് എന്നതിന്‍റെ സുചനയായിരുന്നു അത്. എല്ലാവരും ആധുനിക വൈദ്യ ശാസ്ത്രത്തിലേക്ക് തിരിയുന്ന ഈ കാലത്ത് ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തിന്റെ മഹത്വം അവര്‍ മനസ്സിലാക്കിയിരുന്നു. അതിനാലാണ് പാരമ്പര്യ വൈദ്യശാസ്ത്രമായ ആയുര്വേടതിലേക്ക് തിരിയാന്‍ അവര്‍ തന്‍റെ മകനെയും പ്രേരിപ്പിച്ചത്
ശരീരവും മനസ്സും പൊള്ളുന്ന വേദന അനുഭവിക്കുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും അവരുടെ മുറിവുകള്‍ സുഖമാക്കുവാനും അവര്‍ ശ്രമിച്ചു. സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് സാന്ത്വനം നല്‍കുവാന്‍ അവര്‍ ശ്രദ്ധിച്ചു. സി. എസ്. ഐ. കാട്ടാക്കടയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത ഒരു നഷ്ടമാണ് ഡോക്ടറുടെ മരണം. അവരുടെ കുടുംബത്തോടും അവരുടെ നിര്യാണത്തില്‍ വേദന അനുഭവിക്കുന്ന എല്ലാവരോടും അഗാധമായ അനുശോചനം അറിയിച്ചു കൊള്ളുന്നു
Kattakada,
05 Oct. 2014.
[1]This is my personal reflection on Dr. Resiyamoni. Through this I would like to highlight some of the inimitable qualities which she herself had had.